ഇസ്ലാമാബാദ്∙ തോഷഖാന അഴിമതി കേസിൽ അറസ്റ്റിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ, ജയിലിൽ അപകടത്തിലെന്ന് പിടിഐ പാർട്ടി. ‘‘അറ്റോക്ക് ജയിലിൽ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ല. മുൻപ്രധാനമന്ത്രിയെ അഭിഭാഷകർ കാണുന്നതിൽ നിന്ന് ജയിൽ അധികൃതർ വിലക്കിയിരിക്കുകയാണെന്നും പിടിഐ പാർട്ടി കുറ്റപ്പെടുത്തി. പിടിഐ പാർട്ടി വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷിയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘‘ഇമ്രാൻഖാനെ റാവൽപിണ്ടിയിലെ അട്യാല ജയിലിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റുവാനായിരുന്നു കോടതി ഉത്തരവിട്ടത്. എന്നാലിത് പാലിക്കാതെയാണ് അറ്റോക്ക ജയിലിൽ അടച്ചത്. ബി ക്ലാസ് സൗകര്യങ്ങൾ അറ്റോക്ക ജയിലിൽ ലഭ്യമല്ല. ഇമ്രാനെ കാണുന്നതിൽ നിന്ന് അഭിഭാഷകരെ പോലും വിലക്കി. ഇതേ തുടർന്ന് വിധിക്കെതിരെ മേൽക്കോടതിയിൽ ഹർജി നൽകുന്നതിനായി ഒപ്പ് രേഖപ്പെടുത്താൻ പോലുമാകുന്നില്ല. സംഭവത്തിൽ കോടതി സ്വമേധയാ ഇടപെടണം.’’–ഖുറേഷി ആവശ്യപ്പെട്ടു.
തോഷഖാന അഴിമതി കേസിൽ മൂന്നു വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും 5 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തിയായിരുന്നു ഇമ്രാൻ ഖാന് എതിരെയുള്ള ശിക്ഷ. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം.