അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിനെ നോക്കാന്‍ വന്ന സ്ത്രീ തട്ടിയെടുത്ത കുഞ്ഞിനെ കണ്ടെത്തി കുടുംബം. ടെക്സാസില്‍ നിന്നാണ് മെലിസ ഹൈസ്മിത്ത് എന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. 1971ലായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്. കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് മെലിസയുടെ മാതാവായ ആള്‍ട്ടാ അപ്പാന്‍റെകോയുടെ പരസ്യം കണ്ട് എത്തിയ യുവതിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. ഇവരെ പരിചയപ്പെടുത്തിയത് ആളാട്ടയുടെ സുഹൃത്തായിരുന്നു. അതിനാല്‍ തന്നെ കുഞ്ഞിനെ ഏല്‍പ്പിക്കുമ്പോള്‍ വിശദമായ പരിശോധനകളൊന്നും കുടുംബം നടത്തിയിരുന്നില്ല. കുഞ്ഞിനെ കാണാതായത് മുതല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
അന്‍പത് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും പൊലീസ് കേസും മറന്നു. എന്നാല്‍ കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ മാതാപിതാക്കള്‍ അവസാനിപ്പിച്ചിരുന്നില്ല. എല്ലാ നവംബറിലും മകളുടെ പിറന്നാള്‍ ആഘോഷിക്കുക മാത്രമല്ല ഈ കുടുംബം ചെയ്തിരുന്നത്, സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ കുഞ്ഞിനെ തേടിയുള്ള നിരന്തര ശ്രമങ്ങളിലായിരുന്നു ആള്‍ട്ടായുണ്ടായിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇവരുടെ തേടലിന് ഒരു അജ്ഞാതന്‍റെ സന്ദേശമെത്തുന്നത്. കുഞ്ഞിനെ കാണാതായ സ്ഥലത്ത് നിന്നും ആയിരത്തി ഒരുനൂറ് മൈലുകള്‍ അപ്പുറെയുള്ള ചാള്‍സ്ടണില്‍ നിങ്ങളുടെ കുഞ്ഞുണ്ടെന്നായിരുന്നു ആ സന്ദേശം.
നിയമ സഹായം നല്‍കുന്ന ഏജന്‍സിയുടെ സഹായത്തോടെ ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ പരിശോധിച്ചാണ് കുടുംബം മെലിസയെ കണ്ടെത്തുന്നത്. ജനനസമയത്ത് കുട്ടിയുടെ ശരീരത്തുണ്ടായിരുന്ന അടയാളങ്ങളും അന്‍പത് വര്‍ഷത്തിന് ശേഷം മകളെ കണ്ടെത്താന്‍ ആള്‍ട്ടയെ സഹായിച്ചു. കഴിഞ്ഞ ശനിയാഴ്ച ആള്‍ട്ടയുടെ പള്ളിയില്‍ വച്ചാണ് മെലിസ മാതാപിതാക്കളും സഹോദരങ്ങളുമായി അന്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കണ്ടുമുട്ടുന്നത്. ജോലിക്ക് പോകാനുള്ള താല്‍പര്യം മൂലം കുഞ്ഞിനെ നഷ്ടപ്പെടുത്തിയെന്നും കുട്ടിയെ കൊന്ന് കളഞ്ഞിട്ടുണ്ടാവുമെന്ന നിരന്ത കുറ്റപ്പെടുത്തലുകള്‍ക്കിടയിലും തനിക്ക് വേണ്ടി നിരന്തര ശ്രമങ്ങള്‍ നടത്തിയതിന് ആള്‍ട്ടയ്ക്ക് നന്ദി പറയുകയാണ് മെലിസയിപ്പോള്‍.