മലപ്പുറം: കണാൻ മനോഹരമാണെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന പുഴയാണ് മലപ്പുറം നഗരത്തിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ. 24 മണിക്കൂറിനിടെ മൂന്ന് ജീവനുകളാണ് ഈ പുഴയുടെ ഓളങ്ങളിൽ മറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെ അമ്മയും മകളും വ്യാഴാഴ്ച്ച ദർസ് വിദ്യാർഥിയുമാണ് മുങ്ങി മരിച്ചത്. മലപ്പുറം മൈലപ്പുറത്തെ നൂറടിപ്പുഴയിലാണ് മാതാവും മകളും മുങ്ങിമരിച്ചത്.
വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. വേങ്ങര സ്വദേശി ശമീറിന്റെ ഭാര്യ ഫാത്തിമ ഫായിസ (29) മകൾ ദിയ ഫാത്തിമ (ഏഴ് ) എന്നിവരാണ് മുങ്ങിമരിച്ചത്.
തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ മുഹമ്മദ് ഷമീം (20) ആണ് വ്യാഴാഴ്ച മുങ്ങി മരിച്ചത്. കടലുണ്ടിപ്പുഴയിലെ കോങ്കയം പള്ളിക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവെയാണ് മരണം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിച്ചതിനു ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷമീം മരിക്കുകയായിരുന്നു.