തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, മകരപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച ജില്ലകളിൽ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.
എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല. ശബരിമല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പിള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കോട്ടയം ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതിനായുള്ള റിസർവേഷൻ കഴിഞ്ഞ ദിവസം രാവിലെ എട്ടിന് ആരംഭിച്ചിരുന്നു.
ജനുവരി 15ന്, തിങ്കളാഴ്ചയാണ്(ഇന്ന്) ശബരിമലയിൽ മകരവിളക്ക്. പുലര്‍ച്ചെ 2:46 ന് മകരസംക്രമ പൂജകളോട് മകരവിളക്ക് പൂജകൾക്ക് തുടക്കമായി. പതിവ് പൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. തുടര്‍ന്നാണ് തിരുവാഭരണം സ്വീകരിക്കലും ശേഷം തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും ഒപ്പം മകരവിളക്ക് ദര്‍ശനവും നടക്കും. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട്, പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനസൗകര്യം ഒരുക്കിയിട്ടുള്ളത്.