കണ്ണൂർ : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധത്തിൽ കൂടുതൽ നടപടിക്ക് പൊലീസ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഫിഖിലിനും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡണ്ട് സുദീപ് ജയിംസിനുമാണ് പൊലീസ് നോട്ടീസ് നൽകിയത്. ശംഖുമുഖം എ സി പിയുടേതാണ് നിർദ്ദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പൊലീസ് നടപടി. ദുൽഫിക്കിലിന് ഈ മാസം 13 നും സുദീപിന് ഈ മാസം 16നും തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. പൊലീസിനോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോ പ്രതിഷേധിച്ചവക്കെതിരെയും ഇപി ജയരാജനെതിരെയും നടപടി എടുത്തിരുന്നു.പ്രതിഷേധിച്ച രണ്ട് പേർക്ക് രണ്ടാഴ്ച്ചത്തേക്കും മുൻ മന്ത്രി ഇപി ജയരാജന് മൂന്നാഴ്ച്ചത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിത യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരെ തള്ളിവിഴ്ത്തിയ ഇപി ചെയ്തതും കുറ്റമാണെന്നാണ് വ്യോമയാന മേഖലയിലെ പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.