അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഗുജറാത്തിലെ ഭരണ കക്ഷിയായ ബിജെപിയില്‍ നിന്ന് ഈ മാസം ആദ്യം രാജിവെച്ചയാളാണ് ഗുജറാത്ത് മുൻ മന്ത്രി ജയനാരായണൻ വ്യാസ്. തിങ്കളാഴ്ച കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് എത്തിയാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 75 കാരനായ വ്യാസിനെ അഹമ്മദാബാദിൽ പാർട്ടിയിൽ അംഗത്വം നല്‍കി. രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടും വ്യാസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. നവംബർ അഞ്ചിനാണ് അദ്ദേഹം ബിജെപിയിൽ നിന്ന് രാജിവച്ചത്.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിലാണ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറുണ്ടായ സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി. സൂൂറത്തിലാണ് ആം ആദ്മി പാർട്ടി യോഗത്തിന് നേരെ കല്ലേറുണ്ടായത്. ബിജെപി നടത്തിയ കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റതായി എഎപിയുടെ ഗുജറാത്ത് കൺവീനർ ഗോപാൽ ഇറ്റാലിയ ആരോപിച്ചു.
“കതർഗാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലം ബിജെപി ഗുണ്ടകൾ ഇന്ന് എന്റെ പൊതുയോഗത്തിന് നേരെ കല്ലെറിഞ്ഞു, അതിൽ ഒരു ചെറിയ കുട്ടിക്ക് പരിക്കേറ്റു”. ഗോപാൽ ഇറ്റാലിയ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ 27 വർഷത്തെ ഭരണത്തിൽ ബിജെപി കുറച്ച് ജോലിയെങ്കിലും ചെയ്തിരുന്നെങ്കിൽ എഎപി യോഗത്തിന് നേരെ കല്ലെറിയേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കല്ലേറിന് ജനം ചൂല് കൊണ്ട് മറുപടി പറയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആം ആദ്മി പാർട്ടിയുടെ ചിഹ്നമാണ് ചൂല്.
ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍, ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസും ആം ആദ്മിയും രംഗത്തിറങ്ങിയിരിക്കുന്നത്. ദ്വാരകയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിർമിക്കുമെന്നും സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്. പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം.
ദ്വാരകയിൽ വികസനം കൊണ്ടുവരുമെന്നും തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ നിയന്ത്രിക്കാൻ ആന്‍റി റാഡിക്കലൈസേഷൻ സെൽ രൂപീകരിക്കുമെന്നും പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി സ്കൂട്ടർ, പ്രായമായ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 20000 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 10000 കോടി ചെലവാക്കും. തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.