റിയാദ്: ജിദ്ദ ചരിത്ര മേഖലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രതിരോധ കിടങ്ങിന്റെയും കോട്ടമതിലിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി. ചരിത്ര മേഖലയുടെ വടക്കൻ ഭാഗത്താണ് പുതിയ പുരാവസ്തുക്കൾ കണ്ടെത്തിയതെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം വ്യക്തമാക്കി. ലോക പൈതൃക ദിനത്തോട് അനുബന്ധിച്ചാണ് ആദ്യ ഘട്ടത്തിലെ ജിദ്ദ ചരിത്ര മേഖലയിലെ പുരാവസ്തു ഗവേഷണ ഫലങ്ങൾ പുറത്തുവിട്ടത്. ചരിത്രമേഖലയുടെ വടക്കുഭാഗത്തും അൽകിദ്‌വ സ്‌ക്വയറിന് കിഴക്കും അൽബയാ സ്‌ക്വയറിനു സമീപവുമാണ് പ്രതിരോധ കിടങ്ങും കോട്ടമതിലും സ്ഥിതിചെയ്യുന്നത്. അതിന്റെ ചരിത്രം നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
പ്രാഥമിക കണക്കുകൾ പ്രകാരം ഹിജ്റ നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ജിദ്ദ ഒരു കോട്ടയുള്ള നഗരമായിരുന്നുവെന്ന് ചരിത്ര സ്രോതസ്സുകൾ വെളിപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും ലബോറട്ടറി വിശകലനങ്ങൾ സൂചിപ്പിക്കുന്നത് പുതുതായി കണ്ടെത്തിയ കിടങ്ങും മതിലും കോട്ട സംവിധാനത്തിന്റെ പിന്നീടുള്ള ഘട്ടത്തിലുള്ളതാണ്. അഥവാ ഇവ ഹിജ്റ 12, 13 നൂറ്റാണ്ടുകളിൽ (എ.ഡി. 18, 19 നൂറ്റാണ്ടുകൾ) നിർമ്മിച്ചതാകാനാണ് സാധ്യത. ഹിജ്റ 13ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ (എ.ഡി. 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) കിടങ്ങ് ഉപയോഗശൂന്യമായിത്തീരുകയും പെട്ടെന്ന് മണൽ നിറഞ്ഞുവെന്നുമാണ് പുരാവസ്തു ഗവേഷണങ്ങൾ കാണിക്കുന്നത്. എന്നാൽ കോട്ടഭിത്തി 1947 വരെ നിലനിന്നു. കിടങ്ങിന്റെ സംരക്ഷണ ഭിത്തിയുടെ ചില ഭാഗങ്ങൾ മൂന്ന് മീറ്റർ ഉയരത്തിൽ കേടുകൂടാതെയായിരുന്നു. ഹിജ്റ 13ാം നൂറ്റാണ്ടിൽ (എ.ഡി 19നൂറ്റാണ്ട്) ഇറക്കുമതി ചെയ്ത യൂറോപ്യൻ സെറാമിക്സ് പുരാവസ്തു ഗവേഷകർ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ജിദ്ദയുടെ ദീർഘദൂര വ്യാപാര ബന്ധങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
അൽകിദ്‌വ സ്‌ക്വയറിൽ നിന്ന് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ (എ.ഡി ഒമ്പതാം നൂറ്റാണ്ട്) ഒരു മൺപാത്രവും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ ഒരു കൂട്ടം പുരാവസ്തു കണ്ടെത്തലുകളുടെ ഭാഗമാണെന്ന് ജിദ്ദ ഹിസ്റ്റോറിക്ക് പ്രോഗ്രാം പറഞ്ഞു. അടുത്തിടെ പുരാവസ്തു അതോറിറ്റിയിലെ സൗദി വിദഗ്ധരും പുരാവസ്തുക്കളിൽ വൈദഗ്ധ്യമുള്ള വിദേശ വിദഗ്ധരും ജിദ്ദ ചരിത്രമേഖലയിലെ ഭൂമിക്കടിയിൽ നിന്ന് നിരവധി ലാൻഡ്‌മാർക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നാല് പുരാവസ്തു സൈറ്റുകളിൽ നിന്ന് 25000 പുരാവസ്തു വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് കണക്ക്.