ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് – യു.ജിയിൽ ഗ്രേസ് മാർക്ക് നൽകിയ 1563 പേർക്കായി ഞാറാഴ്ച നടത്തിയ പുനഃപരീക്ഷക്ക് ഹാജരായത് 813 വിദ്യാർഥികളെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. 750 പേർ പുനഃപരീക്ഷ എഴുതിയില്ല. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി ഏഴ് പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ചോദ്യപ്പേർ ചോർച്ചയുമായി ബന്ധപ്പെട്ട് 63 പേരെ എൻ.ടി.എ ഡീബാർ ചെയ്തിരുന്നു.
ഗ്രേസ് മാർക്ക് നൽകിയവർക്ക് പുനഃപരീക്ഷ നടത്തുമെന്ന് ഈ മാസം 13നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ചില കേന്ദ്രങ്ങളിൽ സാങ്കേതിക തടസ്സം മൂലം വിദ്യാർഥികൾക്ക് സമയനഷ്ടം വന്നതിനാലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നായിരുന്നു എൻ.ടി.എയുടെ വിശദീകരണം. പുനഃപരീക്ഷ എഴുതാത്തവർക്ക് നേരത്തെയുള്ള സ്കോറിൽനിന്ന് ഗ്രേസ് മാർക്ക് ഒഴിവാക്കിയാവും പുതിയ സ്കോർ നൽകുക. ഫലം 30ന് പ്രസിദ്ധീകരിക്കും.
മേയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. 67 പേർക്ക് പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചതും, ഒരേ സ്ഥാപനത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതും സംശയത്തിനിടയാക്കി. സി.ബി.ഐ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. എൻ.ടി.എയുടെ പോരായ്മകൾ പരിശോധിക്കാനായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയിലുള്ള ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കണമെന്നാണ് നിർദേശം.