മലപ്പുറം : മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവന്‍ കാടാട്ടിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ഡിഡിഇ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഡരികില്‍ നിര്‍ത്തിയത്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം പാലിച്ചില്ലെന്നും വിദ്യാര്‍ത്ഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപനവുമാണെന്നും നോട്ടീസിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് മലപ്പുറം ഡിഡിഇ പുറത്തിറക്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്. സ്കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കുട്ടികളെ ചൂഷണം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമര്‍ശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ കുട്ടികളെ റോഡിലിറക്കി നിര്‍ത്തിയത്. നവകേരളാ ബസില്‍ റോഡിലൂടെ പായുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഉച്ചയ്ക്ക് ഒന്നരമുതല്‍ ഒരു മണിക്കൂറോളം സമയമാണ് കുരുന്നുകള്‍ വഴിയരികില്‍ കാത്തുനിന്നത്. പൊന്നാനിയിലെ നവകേരളാ സദസ് കഴിഞ്ഞ് എടപ്പാളിലേക്ക് പോകുന്ന മന്ത്രി സംഘത്തെ അഭിവാദ്യം ചെയ്യാന്‍ അധ്യാപകര്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്.