മലപ്പുറം : മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ലക്ഷങ്ങളുടെ നാശനഷ്ടം. ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കാറ്റ് ആഞ്ഞടിച്ചത്. കൽകുണ്ട്, കേരള തുടങ്ങിയ ഭാഗങ്ങളിൽ കാറ്റ് കനത്ത നാശം വിതച്ചു. കൽക്കുണ്ടിൽ മാത്രം ഏക്കർ കണക്കിന് സ്ഥലത്തെ ജാതി, റബ്ബർ, കവുങ്ങ് മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുതി തൂണുകളും പൊട്ടിവീണു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. കേരളയിൽ സ്കൂളിന് സമീപം മരം പൊട്ടിവീണ് ഭീതി സൃഷ്ടിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി മാറ്റി. കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയാണ് കരുവാരകുണ്ട് മേഖലയിൽ പെയ്യുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് അപ്രതീക്ഷിത മിന്നല്‍ ചുഴലിക്കാറ്റുകളുണ്ടാകുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു.