തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30ന് തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 500 കോടി ബജറ്റിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവൻ മൂന്ന് ദിവസം കൊണ്ട് 260 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്.
സിനിമ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ പൊന്നിയിൻ സെൽവനിലെ താരങ്ങളുടെ ആഭരണങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 150 വർഷം പാരമ്പര്യമുളള ഹൈദരാബാദിലെ പ്രമുഖ ജുവലറിയാണ് സിനിമക്കായി സ്വർണ്ണാഭരണങ്ങൾ ഒരുക്കിയത്. പാരമ്പര്യ സ്വർണ്ണപ്പണിക്കാരാണ് സിനിമക്ക് വേണ്ടി ആഭരണങ്ങൾ ഉണ്ടാക്കി നൽകിയത്. ഐശ്വര്യ റായിക്ക് ഉൾപ്പെടെയുള്ള താരങ്ങൾക്കായി 450 ആഭരണങ്ങളാണ് ഇവർ നിർമിച്ചത്.
നോവലിൽ പരാമർശിച്ച കാലത്തിനും ചരിത്രത്തിനും ചേരും വിധമുള്ള ആഭരണങ്ങളായിരുന്നു സിനിമക്കായി ഒരുക്കിയത്. ജുവലറിയെ ഉദ്ധരിച്ച് പൊന്നിയിൻ സെൽവനിലെ ക്രിയേറ്റീവ് ഡയറക്ടർ പ്രതീക്ഷ പ്രശാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. 50 പേർ ചേർന്ന് ഏകദേശം ആറ് മാസമെടുത്താണ് ആഭരണങ്ങൾ നിർമിച്ചത്. എന്നാൽ ആഭരണം നിർമിക്കാൻ ആവശ്യമായ സ്വർണ്ണം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ ഇൗ ആഭരണങ്ങൾ വിൽപ്പനക്ക് വെച്ചിരിക്കുകയാണ്.