ഗുരുദാസ്പുര്‍: പഞ്ചാബിൽ വീണ്ടും ഗുണ്ടാ ആക്രണം. ഗുരുദാസ്പൂരിൽ ഗുണ്ടകൾ യുവാവിൻ്റെ വിരൽ അറുത്തുമാറ്റി. ഗുരുദാസ്പുരിലെ ജില്ലയിലെ ബടാലയിൽ രണ്ടു ഗ്യാങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഇതേക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച മൊഹാലിയിലും ഗുണ്ടകൾ യുവാവിൻ്റെ വിരൽ വെട്ടി മാറ്റിയിരുന്നു, ഇതിൻ്റെ വീഡിയോ വൈറൽ ആയി പ്രചരിച്ചതിന് പിന്നാലെ പോലീസ് പ്രതികളായ രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു.
നേരത്തെ തൻതാരൻ ജില്ലയിലെ ഗോവിന്ദ്‍വാൽ സാഹിബ് ജയിലിനകത്ത് രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗായകൻ സിദ്ദു മൂസെവാലയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളാണ ്കൊല്ലപ്പെട്ടത്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ സംഭവം. ലഹരിക്കടത്ത് സംഘങ്ങളും ഗുണ്ടാ സംഘങ്ങളും പഞ്ചാബിൽ വലിയ തോതിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തീവ്രസിഖ് ഗ്രൂപ്പുകളും ഒരു വശത്ത് സര്‍ക്കാരിന് വെല്ലുവിളിയായി മാറുകയാണ്. ഇതേ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചരണത്തിലൂടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആം ആദ്മിയും ബിജെപിയും വീഴ്ത്തിയത്. ഭരണവിരുദ്ധ വികാരത്തിൽ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ആം ആദ്മി സര്‍ക്കാര്‍ പക്ഷേ ഗുണ്ടാസംഘങ്ങൾക്ക് നേരെ വിരലനക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമര്‍ശനം.