പഞ്ചാബ് : മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് തോൽവി. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് നേതാവ് കൂടിയായ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്. അമരീന്ദർ സിംഗിന് 20,105 വോട്ടുകൾ ലഭിച്ചപ്പോൾ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിൽ ഇത്തരമൊരു തോൽവി ആരും പ്രതീക്ഷിച്ചിരുന്നില്ല. 2002, 2007, 2012, 2017 വർഷങ്ങളിലും പട്യാലയിൽ നിന്ന് വിജയിച്ചിട്ടുള്ള വ്യക്തിയാണ് അമരീന്ദർ സിംഗ്. പഞ്ചാബിൽ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിർത്താനുള്ള കോൺഗ്രസിന്റെ നീക്കത്തെ മറികടക്കാൻ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാർട്ടിക്ക് സാധിച്ചു.
സ്ഥാനാർഥികളെ പാർട്ടി തെരഞ്ഞെടുത്തതല്ല പകരം ജനങ്ങൾ തെരഞ്ഞെടുത്തതാണ് എന്ന തരത്തിലുള്ള പ്രചരണവും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതും നേട്ടമായി. പഞ്ചാബിൽ ആം ആദ്മി പാർട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാൾ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ സാരഥി മമത ബാനർജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാൾ ഉയർന്നുവരുന്നു എന്നതാണ് ഏറെ നിർണായകം.