ജയ്പൂര്‍ : രാജസ്ഥാനിലെ ബിക്കാനീറില്‍ ഉടമസ്ഥന്‍റെ തല കടിച്ചെടുത്ത ഒട്ടകത്തെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബിക്കാനീറിലെ പാഞ്ചുവിലാണ് സംഭവം നടന്നത്. സോഹന്‍ റാം നായക് എന്നയാളെയാണ് ഒട്ടകം ആക്രമിച്ചത്. പ്രകോപിതനായ ഒട്ടകം ഉടമയുടെ കഴുത്തിന് കടിച്ച് തല പറിച്ചെടുക്കുക ആയിരുന്നു. ഉടമയെ തള്ളി നിലത്ത് ഇട്ട ശേഷമായിരുന്നു ഒട്ടകത്തിന്‍റെ ആക്രമണം.
ഇതിന് പിന്നാലെ നാട്ടുകാര്‍ ഒട്ടകത്തെ പിടികൂടി ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം തല്ലിക്കൊല്ലുകയായിരുന്നു. ഒട്ടകത്തെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. സംഭവത്തില്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പൊലീസ് വിശദമാക്കിയത്. മറ്റൊരു ഒട്ടകത്തെ കണ്ട് കെട്ടുപൊട്ടിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി ശാന്തനാക്കാനുള്ള ശ്രമത്തിലാണ് ഉടമയ്ക്ക് ജീവന്‍ നഷ്ടമായത്.
രണ്ട് വര്‍ഷം മുന്‍പ് ജീവിത വിജയത്തിനായി ഒട്ടകത്തിനെ കുരുതി കഴിച്ച സംഭവത്തില്‍ നാല് പേരെ രാജസ്ഥാനില്‍ പിടികൂടിയിരുന്നു. ഫാമിലെ പശുക്കളുടെ പാല്‍ കുറഞ്ഞതിന് പിന്നാലെ സന്യാസി ഉപദേശിച്ച പരിഹാര മാര്‍ഗമായിരുന്നു കുരുതി. ഉടമ ആരെന്ന് അറിയാത്ത ഒട്ടകത്തെ പിടിച്ചുകൊണ്ടുപോയി രണ്ട് ദിവസം തീറ്റ നല്‍കിയ ശേഷമായിരുന്നു കുരുതി നല്‍കിയത്. പാടത്ത് ഒട്ടകത്തിന്റെ തലയില്ലാത്ത മൃതദേഹം കണ്ടതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.