തിരുവനന്തപുരം : ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്.
കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് കോട്ടയം സ്വദേശിയായ രാഹുൽ മരിച്ചതെന്ന് ആരോപണത്തിൽ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. അതിനിടെ, കാക്കനാട് മേഖലയിൽ ലൈസൻസ് ഇല്ലാതെ നിരവധി ഭക്ഷ്യ വില്പനശാലകൾ പ്രവർത്തിക്കുന്നുണ്ട് എന്ന വിവരവും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്.