കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍, നമ്മുടെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വേദിയായിക്കൊണ്ടിരിക്കുകയാണ്. ആന, പന്നി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, മാന്‍, മയില്‍ തുടങ്ങിയവയെല്ലാം കാടിറങ്ങിവരുന്നു. മനുഷ്യന്റെ ജീവിത പരിസരവും കൃഷിയിടങ്ങളും വളര്‍ത്തുമൃഗങ്ങളും നിരന്തര ഭീതിയിൽ , ഇത്ര വലിയൊരു പ്രശ്നത്തിൽ സര്‍ക്കാര്‍ എന്താണ് ചെയ്തത്.
സംസ്ഥാനത്തെ ഭൂവിസ്തൃതിയിൽ 30 ശതമാനമാണ് വനമുള്ളത്. ഒരു ലക്ഷത്തിലധികം ആദിവാസികൾക്ക് പുറമെ 35 ലക്ഷത്തോളം ആളുകളാണ് വനത്തിനകത്തും വനാതിര്‍ത്തിയോട് ചേര്‍ന്നും താമസിക്കുന്നത്. മനുഷ്യമൃഗ സംഘര്‍ഷം പതിവായ 200 ഓളം ഗ്രാമങ്ങളുണ്ട് കേരളത്തിൽ. കാടിറങ്ങിയെത്തുന്നവയെ ചെറുക്കാൻ പ്രതിരോധങ്ങൾ പലതുണ്ട്, വനമേഖല തിരിച്ച് വ്യത്യസ്തമായ പദ്ധതികളുണ്ട്, കോടിക്കണക്കിന് ഫണ്ട് ചെലവഴിക്കുന്നുമുണ്ട്. ഡെറാഡൂണിലെ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് കേരളത്തില്‍ നടത്തിയ പഠനത്തില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.
ആഗോള കാലാവസ്ഥാ വ്യതിയാനം വനത്തിന്റെ സ്വാഭാവികതയില്‍ ഉണ്ടാക്കിയ മാറ്റങ്ങൾ, ആനത്താരകള്‍ കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ , കരിമ്പ്, വാഴ, ഈറ്റ തുടങ്ങിയ വിളകള്‍ ആനയടക്കമുള്ള വന്യജീവികളെ ആകര്‍ഷിക്കുന്നത്, വനത്തിനകത്തെ ഭക്ഷ്യ-ജല ലഭ്യതയിലെ കുറവ്, വനമേഖലകളിലെ അധിനിവേശ സസ്യങ്ങളുടെ വളര്‍ച്ച ,വനമേഖലയോട് ചേര്‍ന്നുള്ള കാര്‍ഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, ഇതിനെല്ലാം പുറമെ വിവിധ വന സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയതയിലേക്കും വിദഗ്ധര്‍ വിരൽ ചൂണ്ടുന്നു.
വൈദ്യുത വേലി, കിടങ്ങ് നിര്‍മാണം, സോളാര്‍ ഫെന്‍സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തല്‍, എസ്.എം.എസ് അലര്‍ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം, തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികള്‍ ധാരാളം ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. അഞ്ച് വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ എന്ന നിലയില്‍ 620 കോടി രൂപയുടെ പദ്ധതി വനംവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ നടത്തിപ്പ് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.
കാട് നശിക്കുമ്പോഴാണ് കാട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നതിനപ്പുറം, മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളുടെ ശരിയായ കാരണങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ട അടിയന്തര സാഹചര്യത്തിലാണ് ഇന്ന് കേരളമുള്ളത്.