കൊച്ചി : രാജ്യത്തു കഴിഞ്ഞ വര്‍ഷം 30.82 ലക്ഷം കാറുകള്‍ വിറ്റഴിഞ്ഞു. കോവിഡും ഇലക്ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉല്‍പാദനക്കുറവും മറികടന്നാണ് ഇത്രയും വില്‍ക്കാനായത്. ഇതിനു മുന്‍പ് 2017ലും (32.3 ലക്ഷം) 2018ലും (33.95 ലക്ഷം) മാത്രമാണ് വില്‍പന 30 ലക്ഷം കടന്നിട്ടുള്ളത്. 2019ല്‍ 29.62 ലക്ഷവും 2020ല്‍ 24.33 ലക്ഷവുമായിരുന്നു വില്‍പന. ഏറ്റവും വലിയ കാര്‍ നിര്‍മാണകമ്പനി മാരുതി സുസുകി 13.97 ലക്ഷം കാറുകള്‍ വിറ്റു. മുന്‍കൊല്ലത്തെക്കാള്‍ 13% വര്‍ധന. ഹ്യുണ്ടായ് 5 ലക്ഷം കാര്‍ വിറ്റ് മുന്‍ കൊല്ലത്തെക്കാള്‍ 19% വളര്‍ച്ച നേടി. കമ്പനി 1.25 ലക്ഷം ക്രെറ്റയും 1.08 ലക്ഷം വെന്യൂവും വിറ്റു. ടാറ്റ മോട്ടോഴ്‌സ് 3.31 ലക്ഷം കാര്‍ വിറ്റഴിച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഡിസംബറില്‍ 35300 കാര്‍ വിറ്റ് കമ്പനി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. കിയ ഇന്ത്യയില്‍ വിറ്റത് 1,81,583 കാറുകളാണ്. ടൊയോട്ട 1,30,768, ഹോണ്ട 89,152, എംജി മോട്ടര്‍ ഇന്ത്യ 40,273 എന്നിങ്ങനെ വിറ്റഴിച്ചു. ഇവരെല്ലാം മുന്‍കൊല്ലത്തെക്കാള്‍ വലിയ വര്‍ധനയാണു നേടിയത്. ആഡംബര കാര്‍ നിര്‍മാതാവ് ഔഡി 2020ല്‍ വിറ്റതിന്റെ (1639) ഇരട്ടി കാര്‍ 2021ല്‍ (3293) വിറ്റു.