ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഏവറസ്റ്റിന് 8,849 മീറ്ററാണ് ഉയരം. എന്നാല്‍, ആ ഉയരത്തെ പോലും അപ്പാടെ മുക്കിക്കളയുന്നത്രയും താഴ്ചയുള്ള ഗര്‍ത്തത്തില്‍ ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പസഫിക്ക് സമുദ്രത്തിലെ ജപ്പാന് ചുറ്റുമുള്ള വന്‍ ഗര്‍ത്തങ്ങളില്‍ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിലാണ് ഇത്രയും താഴ്ചയില്‍ ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ ഇസു ഓഗസാവര, റ്യൂക്കു എന്നീ ഗര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും ഇവര്‍ ഗവേഷണം നടത്തിയത്. 7,300 മീറ്ററും 9,300 മീറ്ററും താഴ്ചയുള്ള അഗാധ ഗര്‍ത്തങ്ങളില്‍ (അതായത് കടലില്‍ 7 ഉം 9 കിലോമീറ്റര്‍ താഴ്ചയില്‍) പത്ത് വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിനിടെയായിരുന്നു ഈ കണ്ടെത്തല്‍. ഇസു-ഒഗസവാര, റ്യൂക്യു എന്നീ ഗര്‍ത്തങ്ങളില്‍ പര്യവേഷണം നടത്തിയ ഡിഎസ്എസ്‍വി പ്രഷർ ഡ്രോപ്പ് എന്ന ഗവേഷണ കപ്പലില്‍ നിന്ന് ഗര്‍ത്തങ്ങളിലേക്ക് സ്ഥാപിച്ച ക്യാമറയിലാണ് മത്സ്യത്തിന്‍റെ ചിത്രങ്ങള്‍ പതിഞ്ഞത്. ലോകത്ത് ആദ്യമായാണ് ഇത്രയും ആഴത്തില്‍ ഒരു ജീവനെ കണ്ടെത്തുന്നത്.
🌊 Scientists from #UWA and Japan have set a new record for the deepest fish ever filmed and caught! 🐟 They discovered a snailfish at a depth of 8,336m in the Izu-Ogasawara Trench and caught two more from 8,022m during a two-month expedition. @minderoo https://t.co/RjJ7CxD97d pic.twitter.com/kRdYJsI3yU
— UWA (@uwanews) April 3, 2023
‘സ്നെയിൽഫിഷ്’ എന്ന വിഭാഗത്തിൽപ്പെടുന്ന മത്സ്യമാണിത്. സ്യൂഡോലിപാരിസ് എന്നാണ് ഇതിന്‍റെ ജനുസ്സിന്‍റെ പേര്. കടലൊച്ചുകൾ എന്നും ഇവ അറിയപ്പെടുന്നു. ഇത്രയും അടി താഴ്ചയില്‍ ഇവയ്ക്ക് എങ്ങനെ ജീവിക്കാന്‍ സാധിക്കുന്നു എന്നുള്ളത് അദ്ഭുതകരമായ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആർട്ടിക് മുതൽ അന്‍റാർട്ടിക് വരെയുള്ള സമുദ്രങ്ങളിൽ ഇവയെ കാണാം. 30 ജനുസ്സുകളിലായി 300 സ്പീഷീസുകളിലുള്ള സ്നെയിൽഫിഷുകള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കടൽപ്പായൽ മുതൽ കൊഞ്ച് പോലുള്ള ചെറിയ ജീവികളാണ് അവയുടെ പ്രധാന ഭക്ഷണം.
സ്യൂഡോലിപാരിസ് ജനുസ്സിലെ അജ്ഞാതമായ മത്സ്യങ്ങള്‍ ജപ്പാന്‍റെ തെക്ക് ഭാഗത്തുള്ള ഇസു-ഒഗസവാര ഗര്‍ത്തത്തിന്‍റെ ഉപരിതലത്തിൽ നിന്ന് 8,400 മീറ്റർ ആഴത്തിലായിരുന്നു കണ്ടെത്തിയത്. കൂടാതെ 8,200 മീറ്റർ താഴ്ചയിൽ നിന്നും ഈ മത്സ്യങ്ങളെ കണ്ടെത്തി. “ഈ ആഴത്തിലുള്ള മത്സ്യങ്ങളെ കുറിച്ച് പഠിക്കാന്‍ ഞങ്ങൾ 15 വർഷത്തിലേറെ എടുത്തു. ഇത് വെറും ആഴത്തിന്‍റെ പ്രശ്നമല്ല. ഈ ആഴത്തിലും ജീവികള്‍ക്ക് അതിജീവിക്കാന്‍ കഴുന്നുവെന്നതാണ് അതിശയിപ്പിക്കുന്നത്.’ യുഡബ്ല്യുഎ പ്രൊഫസറായ അലന്‍ ജാമിസണ്‍ പറയുന്നു.