വയനാട്: എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ. വാകേരി സ്വദേശി പ്രജീഷാണ് ഏറ്റവും അവസാനത്തെ ഇര. മുപ്പത് കൊല്ലത്തിന്റെ വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 116 പേർക്ക് ജീവൻ നഷ്ടമായി. വയനാട് ചുരത്തിൽ പോലും അടുത്തിടെ കടുവയെ കണ്ടു. 2015 ഫെബ്രുവരി 10ന് നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തി കുന്നിൽ ഭാസ്‌കരൻ എന്ന അറുപത്തിയാറുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അതേവർഷം ജൂലൈയിൽ കുറിച്യാട് വനഗ്രാമത്തിൽ ബാബുരാജ് എന്ന ഇരുപത്തിമൂന്നുകാരൻ, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വനം വകുപ്പ് വാച്ചർ, കക്കേരി കോളനിയിലെ ബസവ എന്ന 44കാരൻ എന്നിവരും കൊല്ലപ്പെട്ടു. 2019 ഡിസംബർ 24ന് ബത്തേരി, പച്ചാടി, കാട്ടുനായ്ക്കർ കോളനിയിലെ 60 കാരനായ ജഡയൻ എന്ന മാസ്തിയും കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16ന് ബസവൻ കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ എന്ന യുവാവും കടുവക്കിരയായി.
ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി പന്ത്രണ്ടിന് പുതുശ്ശേരി വെള്ളാനംകുന്ന് പള്ളിപ്പുറത്ത് തോമസ് എന്ന അൻപതുകാരൻ മരിച്ചിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസ്സുള്ള ക്ഷീരകർഷകൻ പ്രതീഷും. മുപ്പത് വർഷം കൊണ്ട് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 116 പേരെന്നാണ് കണക്ക്.