ഏറെ നാളായി തമിഴകത്ത് അലയടിച്ച അഭ്യൂഹങ്ങൾക്ക് ഇന്ന് ക്ലൈമാക്സ് ആയിരിക്കുകയാണ്. നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. തമിഴ് വെട്രി കഴകം എന്ന പേരിൽ പാർട്ടിയും രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സിനിമയും ഉപേക്ഷിച്ചാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് വിജയ് പുറത്തുവിട്ട പ്രസ്താനവയിൽ നിന്നും വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ചർച്ചകൾ നടക്കുന്ന ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം. ഈ അവസരത്തിൽ വിജയ് സിനിമകൾക്ക് വാങ്ങിക്കുന്ന പ്രതിഫലവും ആസ്തിയും ചർച്ചയാകുകയാണ്.
ജി ക്യു ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം സിനിമകൾ ഇല്ലെങ്കിലും വിവിധ മേഖകളിൽ നിന്നും വിജയിയുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നുണ്ട്. അംബാസിഡര്‍, പരസ്യങ്ങള്‍ എന്നിവ വഴിയാണ് അത്. കൂടാതെ അമ്മ, ഭാര്യ, മകന്‍ എന്നിവരുടെ പേരിൽ കല്യാണ മണ്ഡപങ്ങളും ഉണ്ട്. ചെന്നൈയിലാണ് അവ. കുമരന്‍ കോളനിയിൽ ഒന്നും മറ്റൊന്ന് സാലിഗ്രാമത്തിലും പോരൂരിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്.
ഒരു സിനിമയ്ക്ക് 100-110 കോടി വരെ വിജയ് പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് മുൻപ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരിൽ ഒരാള് കൂടിയാണ് വിജയ്.
കൂടാതെ വിജയിയുടെ ആകെ ആസ്തി 445 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ നീലങ്കരിയിലെ കടലിന് അഭിമുഖമായി പണി കഴിപ്പിച്ച ആഢംബര വീട്ടിലാണ് ഭാര്യ സംഗീതയ്ക്കും മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കൊപ്പവും വിജയ് താമസിക്കുന്നത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം വിജയിയുടെ ആസ്തിക്ക് പുറമെ സംഗീതയ്ക്ക് 400കോടി അടുപ്പിച്ച് സ്വത്തുണ്ട്. ബിസിനസുകാരനായി സ്വർണലിംഗം ആണ് സംഗീതയുടെ പിതാവ്.
അതേസമയം, വിജയിയുടെ രാഷ്ട്രീയ എൻട്രി നിർമാതാക്കളിലും ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. എത്തരത്തിലുള്ള സിനിമ ആയാലും വിജയമായാലും പരാജയം ആയാലും മുടക്കിയ മുതൽ തിരിച്ച് പിടിക്കുന്നവ ആയിരുന്നു വിജയ് ചിത്രങ്ങൾ. അതുകൊണ്ട് തന്നെ വിജയ് സിനിമകൾ നിർമ്മിക്കാൻ പ്രൊഡ്യൂസർമാർക്ക് താൽപര്യവും ഏറെയാണ്. അതാണ് താരത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തോടെയ അവസാനിക്കാൻ പോകുന്നത്.