സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ വീട് കുത്തിതുറന്ന് മോഷണം. 90 പവന്റെ സ്വർണാഭരണങ്ങളും 43,000 രൂപയും കവർന്നു. വീടിന്റെ മുൻവാതിൽപൂട്ട് തകർത്താണ് മോഷ്ട്ടാക്കൾ വീടിനകത്ത് കയറിയത്. മന്ദണ്ടികുന്ന് സ്വദേശി ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. പെരിന്തൽമണ്ണയിലുള്ള ബന്ധുവീട്ടിൽ പോയ ശിവദാസനും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്ന നിലയിലയിരുന്നു. മുറിയിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഡയമണ്ട് നെക്ലേസുകളടക്കം 90 പവൻ ആഭരണങ്ങളും 43000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്ന് കുടുംബം പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് ഐപിഎസ്, ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുൾ ഷരീഫ് അടക്കം ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്ത് നടന്ന മോഷണത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ബത്തേരിയിൽ മുൻപ് മോഷണ കേസുകളിൽ പ്രതികളായവരെ ചോദ്യം ചെയ്യും.