അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിൽ ബന്ധുക്കളുടെ പ്രതിഷേധം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെ 70കാരി പുന്നപ്ര അഞ്ചിൽ ഉമൈബയുടെ മൃതദേഹവുമായി ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്.
കഴിഞ്ഞ ഒരു മാസമായി ഉമൈബ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് വിട്ടയച്ചെങ്കിലും തലച്ചോറിലെ അണുബാധ ഭേദമാകാത്തതിനെ തുടർന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ആരോഗ്യമില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഉമൈബ ഇന്നലെ രാത്രി എട്ടോടെ മരിച്ചു.
തുടർന്ന് ആംബുലൻസിൽ ഉമൈബയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എത്തുകയായിരുന്നു. വിഷയത്തിൽ പൊലീസ് ഇടപെട്ടെങ്കിലും പ്രതിഷേധം അർധരാത്രിയിലും തുടരുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽ ഖാദർ ബന്ധുക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒന്നരയോടെ മൃതദേഹവുമായി ബന്ധുക്കൾ മടങ്ങി.
ചികിത്സ ലഭിക്കാത്ത സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് സൂപ്രണ്ട് ബന്ധുക്കൾക്ക് ഉറപ്പുനൽകി. ഉമൈബയുടെ കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം പള്ളിയിൽ നടക്കും. മക്കൾ: നിയാസ്, ഷാനി. മരുമക്കൾ: നവാസ്, സൗമില.