അഴിയൂർ: മാസങ്ങൾ പിന്നിടുമ്പോഴും അഴിയൂരിലെ ലഹരി മാഫിയ കേസ് അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥിനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ഇന്ന് കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന സിറ്റിങ്ങിലാണ് മാതാവ് പരാതി നൽകിയത്. അഴിയുരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫീയ ലഹരി നൽകി പ്രലോഭിപ്പിച്ച് ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുത്തിരുന്നു.വിദ്യാർഥിനിയുടെ മാതാവ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ്.
പരാതിയിൽ പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനു മകൾ ചോമ്പാല പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാൻ എത്തിയപ്പോൾ മകൾക്ക് ആദ്യം ലഹരി ബിസ്ക്കറ്റ് നൽകിയ യുവതി സ്റ്റേഷനിൽ എത്തിയിരുന്നു. ഇത് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഞാൻ അടക്കം കണ്ടതാണ്. എന്നാൽ, ആ ദിവസത്തെ സ്റ്റേഷനിലെ സിസിടിവി തകരാറിലാണെന്നാണ് അറിയുന്നത്. എന്നാൽ, കുഞ്ഞിപ്പള്ളി ടൗണിലെ ഒരു സ്ഥാപനത്തിലെ സിസിടിവിയിൽ യുവതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും പൊലീസ് ഇത് പരിശോധിക്കുക പോലും ചെയ്തിട്ടില്ല. പൊലീസ് ഞങ്ങളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുക എന്നല്ലാതെ വസ്തുതകളിലേക്കും തെളിവുകളിലേക്കും പോവുന്നില്ലെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞമാസം പരിഗണിച്ച കേസ് പൊലീസിെൻറ അന്തിമ റിപ്പോർട്ട് കിട്ടാത്തതിനാൽ ഇന്നേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നും, സംഭവം ഒമ്പത് ദിവസം മറച്ച് വെച്ച സ്കൂൾ അധികൃതരുടെ വീഴ്ചയെ കുറിച്ചും അന്വേഷിക്കണമെന്നും മാതാവ് കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.