തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ നാലാം ദിവസവും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. എല്എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
അതേസമയം, യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അക്രമം നടന്നുവെന്ന് വിവരം. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പറഞ്ഞു. 3.30 മണിക്ക് ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പിടികൂടാനാകുമായിരുന്നു. രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആശയക്കുഴപ്പമുണ്ടായത് കൊണ്ടാണ് അന്വേഷണം വൈകിയതെന്നും, ജാമ്യം ലഭിക്കാവുന്ന വകുപ്പ് ആദ്യം ചുമത്തിയത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് തിരുവനന്തപുരം ഡിസിപിയുടെ വിചിത്ര വിശദീകരണം. വിവാദങ്ങൾക്ക് പിന്നാലെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവം നടന്ന ഉടൻ പരാതി നൽകിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.