കൊല്ലം : കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. കരിക്കോട് സ്വദേശി മുഹമ്മദ് റാഫി ആണ് പിടിയിലായത്. മങ്ങാട് സ്വദേശി നിഖിലേഷ് നേരത്തെ അറസ്റ്റിലായിരുന്നു. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോറോട്ട തീർന്നെന്ന് പറഞ്ഞിട്ടും രണ്ട് യുവാക്കൾ ചേർന്ന് കടയുടമ അമൽ കുമാറിനെ ആക്രമിക്കുകയായിരുന്നു. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ നിഖിലേഷ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നെന്ന് പറഞ്ഞപ്പോള്‍ ഇറച്ചിക്കറി വേണമെന്നായി. അതുകിട്ടാതെ മടങ്ങിയ ഇയാള്‍ അല്‍പംകഴിഞ്ഞ് മറ്റൊരു യുവാവുമായെത്തി വീണ്ടും പൊറോട്ട ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കേറ്റമാകുകയും കൈവശമുണ്ടായിരുന്ന ആയുധംകൊണ്ട് കടയുടമയെ മര്‍ദിക്കുകയുമായിരുന്നു.