തിരുവനന്തപുരം : കോവളത്ത് മദ്യവുമായി സ്‌കൂട്ടറില്‍ വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സര്‍ക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം മന്ത്രിയും വിമര്‍ശിച്ചു. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ തനിക്ക് ഹോം സ്റ്റേ നടത്തിപ്പ് നിര്‍ത്തിവേക്കേണ്ടി വരുമെന്ന് അപമാനം നേരിട്ട സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞു. കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് പൊലീസ് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. ദേശീയതലത്തില്‍ തന്നെ സംഭവം വാര്‍ത്തയായി സര്‍ക്കാര്‍ വെട്ടിലായതോടെയാണ് മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. വിദേശിയെ അപമാനിച്ചതില്‍ അന്വേഷണം വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നാലു വര്‍ഷമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് പൊലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും നിരന്തരം ദുരനുഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് സ്റ്റീഫന്റെ പരാതി. കൈവശമുള്ള മദ്യം എടുത്തെറിയെന്‍ പൊലീസ് ആവശ്യപ്പെട്ടെന്നാണ് പൊലീസ് തടഞ്ഞ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറയുന്നത്. ബില്ലില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സുമെല്ലം കാണിച്ചിട്ടും പൊലീസ് അനുവാദം തന്നില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ വീണ്ടും ബെവ്‌കോയില്‍ പോയി ബില്ലു വാങ്ങി കോവളം പൊലീസിനെ കാണിച്ചുവെന്നും സ്റ്റീഫന്‍ ആസ്ബര്‍ഗ് പറയുന്നു.
താന്‍ തുടങ്ങിയ ഹോംസ്റ്റേയില്‍ പലരും പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം കോടതി അനുവദിച്ചുവെങ്കിലും അവിടെയും പൊലീസില്‍ നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും സ്റ്റീവ് കുറ്റപ്പെടുത്തുന്നു. മൂന്ന് ലിറ്റര്‍വരെ മദ്യം ഒരാള്‍ക്ക് കൈവശം വെക്കാമെന്നാണ് നിയമം. മദ്യകുപ്പിയില്‍ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കില്‍ ബില്‍ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിന് തിരിച്ചറിയാന്‍ കഴിയും. ഇത്തരമൊരു പരിശോധനക്ക് പോലും തയ്യാറാകാതെയാണ് മദ്യം ഉപേക്ഷിച്ചുപോകാന്‍ സ്റ്റീഫനോട് പൊലീസ് ആവശ്യപ്പെട്ടത്.