അടിമാലി: അടിമാലിയിൽ ഹോട്ടൽ ജീവനക്കാർ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ 15 പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ കുട്ടികൾ രണ്ട് ബസിലായി കഴിഞ്ഞ ആറാം തിയതി മൂന്നാറില്‍ സന്ദർശനത്തിനെത്തിയിരുന്നു. അടിമാലിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ബസ് ഡ്രൈവർ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഈ സംഭവത്തെ തുടര്‍ന്ന് വിദ്യാർഥികളും ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ബസ് ഡ്രൈവറുടെ പക്ഷം ചേര്‍ന്ന് ഹോട്ടൽ ഉടമയും തൊഴിലാളികളുമെത്തി. ഇതേ തുടര്‍ന്ന് തര്‍ക്കം കൂട്ടത്തല്ലിലേക്കെത്തി. സംഭവത്തിൽ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
പരാതിയെ തുടര്‍ന്ന് ബസ് ഡ്രൈവർ സുധാകരൻ നായരെ അടുത്ത ദിവസം പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലാക്കി. എന്നാൽ, കുട്ടികളെ മർദിച്ച കേസിൽ അടിമാലി പോലീസ് പക്ഷപാതപരമായി പെരുമാറിയതായി ആരോപിച്ച് സ്കൂൾ അധികൃതർ കൊല്ലം എസ് പിയ്ക്ക് പരാതി നൽകി. നാല് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അക്രമികൾക്കെതിരേ ലോക്കൽ പോലീസ് കേസെടുത്തില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംഭവത്തില്‍ ഉള്‍പ്പെട്ട 15 ഓളം പേര്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിരിക്കുന്നത്.