തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. പർവേശ് ശുക്ല എന്നയാളാണ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ പിടിയിലായത്. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം, എസ്.സി-എസ്.ടി നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ഭാര്യയെയും മാതാപിതാക്കളെയും അടക്കം ചോദ്യം ചെയ്തിരുന്നു.
മധ്യപ്രദേശിലെ സിധി ജില്ലയിലായിരുന്നു സംഭവം. ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പർവേശ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് തെരുവിലിരിക്കുന്ന ഗോത്രവർഗക്കാരന്റെ തലയിലും മുഖത്തും മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തിൽ ഇടപെട്ടിരുന്നു. കർശന നടപടി സ്വീകരിക്കാനും ദേശീയ സുരക്ഷ നിയമം അടക്കം ചുമത്താനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
കരൗണ്ടിയിൽ നിന്നുള്ള ദസ്മത് റാവത്ത് എന്ന 36കാരനാണ് പർവേശ് ശുക്ലയുടെ ക്രൂരതക്കിരയായത്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ വിഡിയോ വ്യാജമാണെന്ന് ദസ്മത് റാവത്ത് മൊഴി നൽകിയിരുന്നു. വിഡിയോ വ്യാജമാണെന്നും ശുക്ലയെ കള്ളക്കേസിൽ കുടുക്കാൻ വേണ്ടി സൃഷ്ടിച്ചതാണെന്നും കാണിച്ച് റാവത്ത് സത്യവാങ്മൂലം തയാറാക്കിയിരുന്നു. എന്നാൽ, സത്യവാങ്മൂലം ഭീഷണിപ്പെടുത്തി മറ്റാരോ തയാറാക്കിയതാണെന്നും ആർക്കും സമർപ്പിച്ചിട്ടില്ലെന്നും പറയുന്നു.