നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിനയില. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാന്‍ പുതിന സഹായിക്കും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. അതിനാല്‍ ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, വയറിലെ അസ്വസ്ഥത, മലബന്ധം എന്നിവയെ തടയാന്‍ പുതിന വെള്ളം തയ്യാറാക്കിയും കുടിക്കാവുന്നതാണ്.
വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പുതിനയിലെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജലദോഷം, ചുമ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും. പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും. ഇതിലെ ആന്‍റി -ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുതിന. പുതിനയിലയില്‍ കലോറിയും കുറവാണ്. രണ്ട് ടേബിൾസ്പൂൺ പുതിനയിലയില്‍ നിന്നും വെറും രണ്ട് കലോറി മാത്രമാണ് ലഭിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിരിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിനയിലയിട്ട പാനീയങ്ങള്‍, പുതിനയില ചട്നി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പുതിനയില വായ്നാറ്റത്തെ തടയാനും സഹായിക്കും. ഇതിനായി പുതിനയില വായിലിട്ട് ചവച്ച് കഴിക്കാം.