കൊച്ചി : പിന്നിട്ട മൂന്നു മാസം കേരളത്തിലേതുള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകള്‍ വായ്പ വിതരണത്തില്‍ ഗണ്യമായ വര്‍ധന നേടി. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസ (ക്യു 3) പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടില്ലെങ്കിലും വിവിധ ബാങ്കുകള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ചുകഴിഞ്ഞ താല്‍ക്കാലിക കണക്കുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്കാണ് വായ്പ വളര്‍ച്ചയില്‍ ഒന്നാം സ്ഥാനത്ത്. 2020 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ 1,28,180 കോടി രൂപയായിരുന്നു വായ്പ. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ 1,43,633 കോടി. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 12%. മൊത്തം നിക്ഷേപത്തില്‍ ബാങ്ക് 9% വളര്‍ച്ച നേടി.
സ്വര്‍ണ വായ്പ ഇനത്തില്‍ ഇടിവുണ്ടായിട്ടും കാത്തലിക് സിറിയന്‍ ബാങ്കിന്റെ മൊത്തം വായ്പയിലെ വളര്‍ച്ച 11.55%. 2020 – ’21 ലെ മൂന്നാം പാദത്തില്‍ 13,291.39 കോടിയായിരുന്ന വായ്പ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 14,827.10 കോടിയായി. ധനലക്ഷ്മി ബാങ്കിനു 10.53% വായ്പ വളര്‍ച്ച നേടാന്‍ കഴിഞ്ഞു. 6,837 കോടിയായിരുന്നു 2020 – ’21 ലെ ക്യു 3 വായ്പ. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ 7,557 കോടി രൂപ. കേരളം ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ‘ബിസിനസ് അപ്‌ഡേറ്റ്‌സ്’ സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്കു ലഭ്യമായിട്ടില്ല. വായ്പയുടെ ഇതുവരെ ലഭ്യമായിട്ടുള്ള ത്രൈമാസ കണക്കുകളില്‍ ഒന്നാം സ്ഥാനം പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കാണ്: 23.02%. പുണെ ആസ്ഥാനമായുള്ള ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മലയാളിയായ എ.എസ്. രാജീവാണ്. രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ ഒന്നാം സ്ഥാനക്കാരായ എച്ച്ഡിഎഫ്‌സി ബാങ്ക് 16.40 ശതമാനമാണു വായ്പ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്.