തിരുവനന്തപുരം : സന്നിധാത്ത് തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധന. നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ വരുമാനം. ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ മാത്രമാണ് വലിയ തിരക്ക് ഉണ്ടായത്. പിന്നീട് തിരക്ക് കുറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് ശേഷം രണ്ട് ദിവസമായി 90,000 പേരാണ് മല ചവിട്ടിയത്. തിരക്ക് കൂടുമെന്ന പ്രതീക്ഷയില്‍ അപ്പം, അരവണ കൗണ്ടര്‍ ഉള്‍പ്പടെ അധികമായി തുറന്നു. 31 ഒന്ന് തിയതികളിലെ വരുമാനമാണ് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. ഇതില്‍ രണ്ട് കോടി നടവരുമാനമാണ്. ബാക്കി അപ്പം അരവണവില്‍പ്പയിലൂടെ കിട്ടിയതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതാണ് തിരക്ക് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
മകരവിളക്ക് കൂടി ദര്‍ശിച്ച് മടങ്ങാനായി വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റ പ്രതീക്ഷ. എന്നാല്‍, തീര്‍ത്ഥാടകര്‍ 12 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് നില്‍ക്കരുതെന്ന നിര്‍ദ്ദേശത്തില്‍ ഇളവ് നല്‍കിയിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ തീര്‍ത്ഥാടകരുടെ വരവ് കണക്കിലെടുത്ത് ചെങ്ങന്നൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസ് തുടങ്ങി.