ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആഘോഷങ്ങളില്ലാതെ പാര്‍ലമെന്‍റ് മന്ദിരം. പ്രധാന വാര്‍ഷികങ്ങളില്‍ സെന്‍ട്രല്‍ ഹാളില്‍ ആഘോഷം സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കില്‍ ഇക്കുറി പ്രത്യേക പരിപാടികളൊന്നുമില്ല. മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള മോദിയുടെ നീക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
1997-ൽ സ്വാതന്ത്ര്യത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാര്‍ലെമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ പാടാൻ എത്തിയിരുന്നു. അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടികൾ. പാര്‍ലമെന്‍റിന് പുറത്തും വിപുലമായ പരിപാടികള്‍ നടന്നു. അറുപതാം വാര്‍ഷിക ദിനത്തിലും സെന്‍ട്രല്‍ ഹാളിൽ വിപുലമായ ആഘോഷങ്ങളുണ്ടായിരുന്നു. അർദ്ധരാത്രി രാഷ്ട്രപതി പങ്കെടുത്ത പരിപാടിയാണ് മൻമോഹൻസിംഗ് സർക്കാർ സംഘടിപ്പിച്ചത്.
എന്നാല്‍ ഇക്കുറി അത്തരം പരിപാടികളൊന്നും പാർലമെൻറിൽ ഇല്ല. ഹര്‍ഘര്‍ തിരംഗ അടക്കമുള്ള പരിപാടികള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുമ്പോഴാണ് പാര്‍ലമെന്‍റ് നിശബ്ദമായി കിടക്കുന്നത്. ഇരുപത്തിയഞ്ച് മുതല്‍ അറുപതാം വാര്‍ഷികാഘോഷം വരെ പാര്‍ലമെന്‍ര് സെന്‍ട്രല്‍ ഹാളില്‍ നടന്നെന്നും എന്നാല്‍ ഇക്കുറി സര്‍വവ്യാപി എല്ലാം തന്നിലേക്ക് ഒതുക്കിയെന്നും പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ട്വിറ്ററില്‍ എഴുതി.
വര്‍ഷകാല സമ്മേളനം കഴിഞ്ഞതോടെ ഈ പാര്‍ലമെന്‍റ് മന്ദിരം സ്മാരകമായി മാറുകയുമാണ്. ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയുമാണ്. അതിനാല്‍ ഇനിയുള്ള ആഘോഷം പുതിയ മന്ദിരത്തില്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.കോണ്‍ഗ്രസ് വിമര്‍ശനത്തോട് സര്‍ക്കാര്‍ വൃത്തങ്ങളോ ബിജെപിയോ പ്രതികരിച്ചിട്ടില്ല.