ന്യൂഡൽഹി: ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും ഇന്ത്യക്കാർക്ക് നിർദേശം നൽകി.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് സാധ്യതയേറിയതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. നിലവിൽ ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ സമീപത്തെ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടാനും രജിസ്റ്റർ ചെയ്യാനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതീവ ജാഗ്രത പാലിക്കാനും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയം നിർദേശം നൽകി.
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് മുന്നറിയിപ്പ്. കോൺസുലേറ്റ് ആക്രമണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇസ്രായേൽ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.
ഇറാൻ, ഇസ്രായേൽ, ലബനാൻ എന്നിവിടങ്ങളിലേക്ക് പൗരന്മാരുടെ യാത്ര ഫ്രാൻസ് വിലക്കി. ഇസ്രായേലിൽനിന്ന് മടങ്ങാൻ ബ്രിട്ടനും പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇറാനിൽ നിന്നുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ തയാറാണെന്നും ആക്രമണമുണ്ടായാൽ ഇറാനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.