ദില്ലി: പ്രതിപക്ഷത്തിൻ്റെ ഇന്ത്യ സഖ്യത്തിൽ നേതാവിനായി തർക്കം മുറുകുന്നു. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. നേരത്തേയും, നേതാക്കൾക്കിടയിൽ ഇത്തരത്തിലുള്ള തർക്കം നിലനിന്നിരുന്നു. അതിനിടെ ഇന്ത്യ സഖ്യത്തിന്‍റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് വൈകീട്ട് ചേരുമെന്നാണ് വിവരം. 12 പാര്‍ട്ടികള്‍ മുന്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാന നേതാക്കള്‍ പങ്കെടുക്കില്ലെന്നറിയിച്ചതോടെ ഇന്ന് കോണ്‍ഗ്രസ് വിളിച്ച വിശാല യോഗം മാറ്റി വെച്ചിരുന്നു. ഡിസംബര്‍ മൂന്നാം വാരം യോഗം നടക്കാനാകും സാധ്യത.
2024 ലെ പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിന് പിന്നാലെ ‘ഇന്ത്യ’ സഖ്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ തെരഞ്ഞടുപ്പ് ഫലം ഇന്ത്യ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നാണ് സമാജ് വാദി പാർട്ടി നേതാവ് അഭിപ്രായപ്പെട്ടത്. ഇന്ത്യ സഖ്യം ശക്തിപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും എസ് പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്ർവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യത്തിൻ്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.