ആഫ്രിക്കൻ രാഷ്ട്രമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിൽ വംശനാശം സംഭവിച്ച ജീവിവർഗമായ ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ച് സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും നമീബിയൻ ഉപപ്രധാനമന്ത്രി നെതുംബോ നാന്ദി ന്ദൈത്വയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
രാജ്യത്ത് 1952ൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികൾ ഏറെക്കാലമായി ആസൂത്രണം ചെയ്തുവരുന്നുണ്ടെങ്കിലും യാഥാർഥ്യമായിരുന്നില്ല. ചരിത്രപരമായ തീരുമാനമാണ് യാഥാർഥ്യമാകുന്നതെന്ന് മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. വന്യജീവി സംരക്ഷണം, സാങ്കേതിക വിദ്യയുടെ ഉപയോഗം, ജൈവവൈവിധ്യ പരിപാലനം എന്നിവയിൽ രണ്ട് രാജ്യങ്ങൾക്കും ഉപകാരപ്പെടുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ കുനോ-പൽപൂർ ദേശീയോദ്യാനത്തിലാകും ചീറ്റകളെ സംരക്ഷിക്കുക. ഇവിടെ ചീറ്റകൾക്കായി 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രത്യേക വാസസ്ഥലം ഒരുക്കുന്നുണ്ട്. 36 ചീറ്റകൾക്ക് വരെ കഴിയാനുള്ള സാഹചര്യങ്ങളാണ് ഒരുക്കുന്നത്.
നമീബിയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരാൻ നേരത്തെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, വേട്ടയാടലുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിൽ അത് തടസ്സപ്പെട്ടു. എല്ലാ വർഷവും 8-10 വരെ ചീറ്റകളെ എത്തിക്കാനും അഞ്ച് വർഷത്തിനുള്ളിൽ അവയുടെ എണ്ണം 50 ആക്കാനുമാണ് പദ്ധതിയിടുന്നത്.
2009ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ചീറ്റയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട ഒരേയൊരു വലിയ മാംസഭോജിയാണ് ചീറ്റ. ചീറ്റകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സാധ്യതയുള്ള സ്ഥലമായി കുനോ പാൽപൂരിനെ അംഗീകരിച്ച് സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ് മാർജ്ജാര വംശത്തിൽപ്പെട്ട ചീറ്റപ്പുലി. മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ഇവക്ക് സാധിക്കും. മനുഷ്യരോട് ഇണങ്ങി ജീവിക്കാനും ചീറ്റകൾക്ക് കഴിയും.
ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്. എന്നാൽ, ഇന്ത്യയിൽ ചീറ്റപുലികൾക്ക് പൂർണ്ണവംശനാശം സംഭവിച്ചു കഴിഞ്ഞു. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ ഇവ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏകദേശം ആയിരത്തോളവും. രണ്ടിടത്തും ഇവയുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.