തിരുവനന്തപുരം : ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്മാരിൽ ഒരാളായ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി തന്റെ ഇലക്ഷൻ അനുഭവങ്ങളെക്കുറിച്ച് രചിച്ച ഗ്രന്ഥം ‘ബുന്ദേൽഖണ്ഡ് മുതൽ ജാർഖണ്ഡ് വരെ ഞാൻ കണ്ട ഇന്ത്യ’ മധ്യപ്രദേശിലെ നരസിംഗ്പൂരിൽ നടന്ന ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ശ്രിമതി ശീതള പാട്ടിലെയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രകാശനം ചെയ്തത്. ഒരു യാത്രവിവരണത്തിന്റെ കെട്ടിലും മട്ടിലുമാണ് പുസ്തകത്തിന്റെ രൂപകല്പന. പക്ഷെ ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇലക്ഷൻ നിയമങ്ങളെക്കുറിച്ചും പുസ്തകം വിശദമായി അപഗ്രഥിക്കുന്നുണ്ട് . മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡിന്റെ ഉടമയായ സ്വാമി നിലവിൽ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്.
സ്വാമിയുടെ മുപ്പത്തിമൂന്നാമത്തെ പുസ്തകമാണിത്. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍” മുതല്‍ കുഞ്ഞുണ്ണി പുരസ്കാരത്തിനർഹമായ “നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം” വരെയുള്ള കൃതികള്‍ സ്വാമി ഇതിനുമുന്‍പെഴുതിയ പുസ്തകങ്ങളില്‍പ്പെടും. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , മാർക്കറ്റ് ഫെഡ് എം.ഡി. , കാർഷികോല്പാദന കമ്മീഷണർ , കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.