ദില്ലി : 180 രാജ്യങ്ങൾ ഉൾപ്പെട്ട ലോക പരിസ്ഥിതി പ്രവർത്തി സൂചികയിൽ ഏറ്റവും ഒടുവിലായി ഇന്ത്യ. സൂചികയിൽ 180ാം സ്ഥാനമാണ് ഇന്ത്യക്ക്. 18.9 പോയിന്റോടെയാണ് എല്ലാ രാജ്യങ്ങൾക്കും പിന്നിലായി ഇന്ത്യ നിൽക്കുന്നത്. 2012 ൽ 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020 ൽ 168ാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ 2021 ൽ 177ാം സ്ഥാനത്തായി. ഇപ്പോൾ .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും പിന്നിലായത്.
ഡെൻമാർക്കാണ് ഏറ്റവും സുസ്ഥിര രാജ്യമായി പട്ടികയിൽ ഒന്നാമത്. രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ഉണർവ്, പരിസ്ഥിതിയുടെ ആരോഗ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നത്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവയും സൂചിക തയ്യാറാക്കുന്നതിൽ പരിഗണിക്കും. ആവാസ വ്യവസ്ഥയുടെ ഉണർവിന് സൂചികയിൽ ഇന്ത്യക്ക് 19.3 പോയിന്റാണ്. കഴിഞ്ഞ രണ്ട് ദശകമായി ഇക്കാര്യത്തിൽ ഇന്ത്യയുടെ വളർച്ച 2 പോയിന്റാണ്.
ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഡെൻമാർക്ക് 77.9പോയിന്റിന്റെ നിലവാരത്തിലാണെങ്കിൽ 180ാം സ്ഥാനത്തുള്ള ഇന്ത്യക്ക് 18.9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. പാകിസ്ഥാന് 24.6 പോയിന്റും ബംഗ്ലാദേശിന് 23.1 പോയിന്റും നേടാനായി.