ന്യൂഡൽഹി: 2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും, 2060ഓടെ ലോകത്തിലെ ഏറ്റവും വലുതുമാകുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. അടുത്ത പത്ത് വർഷം 9.6 ശതമാനം വാർഷിക വളർച്ചയുണ്ടായാൽ ഇന്ത്യ വികസിത സമ്പദ്‌വ്യവസ്ഥയാകുമെന്നും മസൂറിയിൽ ഐ.എ.എസ് ഓഫിസർമാരുടെ പരിശീലന സെഷനിൽ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
“അടുത്ത ദശകത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യക്കാകും. 2048ൽ അല്ല, 2031ൽത്തന്നെ അത് സാധ്യമാകും. 2060ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യയാകും. നിലവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 295.4 ലക്ഷംകോടി രൂപയുടേതാണ്. 3.6 ട്രില്യൻ യു.എസ് ഡോളറിനു തുല്യമാണത്. ഇന്ത്യ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ്. അടുത്ത പത്ത് വർഷം 9.6 ശതമാനം വാർഷിക വളർച്ചയുണ്ടായാൽ, വികസിത സമ്പദ്‌വ്യവസ്ഥയാകും.
പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും പ്രതിരോധിക്കാൻ ആർ.ബി.ഐ നടപടികൾ സ്വീകരിക്കുന്നുണ്ട്. 2024-25ൽ പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായും 2025-26ൽ 4.1 ശതമാനമായും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് കണക്കാക്കുന്നു. ഭാവിയിൽ സുസ്ഥിരമായ വളർച്ചയാണ് റിസർവ് ബാങ്ക് വിഭാവനം ചെയ്യുന്നത്” -ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.