ദില്ലി : രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകിരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകള്‍ ഗണ്യമായി കുറഞ്ഞു. ദില്ലിയുള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. പ്രായപൂര്‍ത്തിയായവരില്‍ 73 ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ഇത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകരമായി എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ചില മെട്രോ നഗരങ്ങളില്‍ കേസുകള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നത് ആശ്വാസമാണ്. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തിയിരുന്നു. മുംബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. അതേസമയം വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ വൈരുധ്യം കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.