പാരിസ്: പ്രതിരോധം, സൈബർ മേഖല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യ- ഫ്രാൻസ് ചർച്ച. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് സായുധസേന മന്ത്രി സെബാസ്റ്റ്യൻ ലെകോർനുവും തമ്മിൽ ബുധനാഴ്ച വൈകീട്ട് പാരിസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ വ്യവസായിക സഹകരണം വർധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു.
അഞ്ചാമത് ഇന്ത്യ-ഫ്രാൻസ് ‘പ്രതിരോധ ഡയലോഗി’ന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ഫ്രാൻസ് പ്രതിരോധ സഹകരണം പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സിങ് ‘എക്സി’ൽ വ്യക്തമാക്കി. ഫ്രഞ്ച് ജെറ്റ് എൻജിൻ നിർമാണകമ്പനിയായ സഫ്രാന്റെ ഫാക്ടറി രാജ്നാഥ് സിങ് സന്ദർശിച്ചു. ബൃഹദ് പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ സംയുക്തമായി യുദ്ധ വിമാന എൻജിൻ നിർമിക്കാൻ ഈ കമ്പനിക്ക് പദ്ധതിയുണ്ട്.
മുൻനിര ഫ്രഞ്ച് പ്രതിരോധ കമ്പനികളുടെ സി.ഇ.ഒമാരുമായി സിങ് സംസരിച്ചു. പരസ്പരം സഹായകമാകുന്ന വിധത്തിലുള്ള സഹകരണമായിരിക്കും ഇന്ത്യ-ഫ്രഞ്ച് ബന്ധത്തിന്റെ ഊന്നലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഇത് പൊതുവിൽ മൂന്നാംലോക രാജ്യങ്ങൾക്കാകെ ഗുണകരമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.