ന്യൂഡൽഹി∙ ഭാരത് ബയോടെക് നിർമിച്ച, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്സീൻ ഇൻകോവാക് (iNCOVACC) പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മനുസൂഖ് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ സാധിക്കുന്ന വാക്സീൻ പുറത്തിറക്കിയത്.സർക്കാർ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 800 രൂപ നിരക്കിലുമായിരിക്കും വാക്സീൻ ലഭിക്കുക. കഴിഞ്ഞ ഡിസംബറിലാണ് വാക്സീന് അംഗീകാരം ലഭിച്ചത്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസുമാണുള്ളത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അംഗീകാരം നൽകുന്നതിന് മുൻപ് അടിയന്തര ഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ഈ വാക്സീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു.28 ദിവസത്തെ ഇടവേളയിലാണ് വാക്സീൻ നൽകുന്നത്. വാഷിങ്ടൻ യൂണിവേഴ്സ്റ്റിയുടെ സഹകരണത്തോടെയാണ് വാക്സീൻ വികസിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ കോവിഡ് സുരക്ഷ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് വാക്സീൻ നിർമാണം.