ഷികാഗോ: തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് സംഘാടകർ സർവമത സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയ പ്രഭാഷകയെ വീണ്ടും ഉൾപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് സമ്മർദം ചെലുത്തിയതായി റിപ്പോർട്ട്.
ആഗസ്റ്റ് 14 മുതൽ 18 വരെ ഷികാഗോയിൽ നടന്ന ‘പാർലമെന്റ് ഓഫ് വേൾഡ് റിലീജിയൻസി’ലാണ് വിവേകാനന്ദ കേന്ദ്രം വൈസ് പ്രസിഡന്റായ നിവേദിത ഭിഡെയെ ഉൾപ്പെടുത്തിയിരുന്നത്. 14നാണ് ഇവരുടെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഇസ്‍ലാമോഫോബിക് പരാമർശങ്ങൾ പങ്കുവെക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ പരിപാടിക്ക് ദിവസങ്ങൾക്കുമുമ്പ് സംഘാടകർ നിവേദിതയെ പ്രഭാഷകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് ഇവർക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഷികാഗോയിലെ കോൺസുലാർ ജനറൽ സോംനാഥ് ഘോഷ് സംഘാടകർക്ക് കത്തയച്ചത്. കത്ത് ലഭിച്ചതായി സമ്മതിച്ച സംഘാടക സമിതി ചെയർമാൻ കൂടുതൽ പ്രതികരണത്തിന് തയാറായില്ല.