ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്താണ് ഇന്ത്യയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. 1971ലെ വിമോചന യുദ്ധ കാലത്ത് ബംഗ്ലാദേശികള്‍ക്ക് അഭയം നല്‍കിയ നാടാണ് ഇന്ത്യ. ‘ഞങ്ങള്‍ വളരെ ഭാഗ്യമുള്ളവരാണ്. ഞങ്ങളുടെ വിശ്വസ്ത സുഹൃത്താണ് ഇന്ത്യ. വിമോചന സമരകാലത്ത് ബംഗ്ലാദേശിനൊപ്പം പിന്തുണ അറിയിച്ച രാജ്യമാണ് ഇന്ത്യ. 1975ഓടെ ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ട കാലത്ത് ഇന്ത്യയാണ് അഭയമായി മാറിയത്. ഇന്ത്യയിലെ ജനതയ്ക്ക് എല്ലാ വിധ ആശംസകളും’, ഷേഖ് ഹസീന പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന രണ്ട് രാജ്യങ്ങളാണ്. സമീപകാലത്ത് ഈ ബന്ധം കൂടുതൽ ദൃഢമായിട്ടുണ്ട്. ആശയവിനിമയം, വ്യാപാര ഉദാരവൽക്കരണം, അതിർത്തി നിർണയം എന്നിവയുൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷി വിഷയങ്ങളിലുള്ള ഇടപെടലുകളും ബന്ധവും ഷേഖ് ഹസീന ചൂണ്ടിക്കാട്ടി.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ബംഗ്ലാദേശിൽ അവാമി ലീഗിന്റെ ഷേഖ് ഹസീന തുടർച്ചയായി നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്. ധാക്കയിലാണ് ഷേഖ് ഹസീന വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അതേസമയം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് ദിവസത്തെ പണിമുടക്കും ബിഎൻപി ആഹ്വാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പലയിടത്തും വ്യാപക അക്രമങ്ങളാണ് നടന്നത്. നിരവധി പോളിംഗ് ബൂത്തുകളും അഗ്നിക്കിരയാക്കി.ട്രെയിനിന് തീവച്ച ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. സംഘർഷം രൂക്ഷമായതിനാൽ 750,000 പൊലീസുകാരെയും അർദ്ധസൈന്യത്തെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. രാവിലെ 8 മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. 436 സ്വതന്ത്ര സ്ഥാനാർത്ഥികളെ കൂടാതെ 27 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 1500ലധികം സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.