അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം. ഓപ്പണർ ശുഭ്മാൻ ഗിൽ, നായകൻ രോഹിത് ശർമ, ഇൻഫോം ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. 12 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്. വിരാട് കോലിയും(26) കെ.എൽ രാഹുലുമാണ്(5) ക്രീസിൽ. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഏഴ് പന്തിൽ നിന്ന് നാല് റൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. പിന്നീട് രോഹിതും കോലിയും ചേർന്ന് ഇന്ത്യയുടെ സ്കോർ വേഗത്തിൽ ഉയർത്തി. അക്രമകാരിയായി ഭീഷണി ഉയർത്തിയ രോഹിത് ശർമയെ ഗ്ലെൻ മാക്സ്വെൽ ആണ് പവലിയനിലക്ക് അയച്ചത്. 31 പന്തിൽ നാല് ഫോറും മൂന്നു സിക്സറുമടക്കം 47 റൺസ് നേടിയ ശേഷമാണ് രോഹിത് മടങ്ങിയത്. പിന്നാലെ വന്ന ശ്രേയസ് അയ്യർ 3 പന്തിൽ നിന്ന് നാല് റൺസ് നേടി കൂടാരം കയറി. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.