മിർപൂർ: പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിരയെ 186 റൺസിൽ എറിഞ്ഞിട്ട് വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. ആതിഥേയർക്ക് അതേ നാണയത്തിൽ ഇന്ത്യൻ ബൗളർമാർ മറുപടി നൽകിയെങ്കിലും അവസാന വിക്കറ്റ് വീഴ്ത്താൻ കഴിയാതെ ഒരു വിക്കറ്റിന്റെ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. അവസാന വിക്കറ്റിൽ ഒത്തുചേർന്ന മെഹ്ദി ഹസൻ (39 പന്തിൽ പുറത്താവാതെ 38), മുസ്തഫിസുർ റഹ്മാൻ (11 പന്തിൽ പുറത്താവാതെ 10) എന്നിവരാണ് 24 പന്ത് ശേഷിക്കെ ഇന്ത്യയിൽനിന്ന് വിജയം തട്ടിപ്പറിച്ചത്. ഒമ്പതിന് 136 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട ആതിഥേയരെ ഇരുവരും ചേർന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഏഴ് വർഷത്തിന് ശേഷമാണ് ഇന്ത്യ ഏകദിനത്തിൽ ബംഗ്ലാദേശിനോട് പരാജയം രുചിക്കുന്നത്.
41 റൺസെടുത്ത ക്യാപ്റ്റൻ ലിട്ടൻ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. നജ്മുൽ ഹുസൈൻ (പൂജ്യം), അനാമുൽ ഹഖ് (14), ഷാകിബ് അൽ ഹസൻ (29), മുഷ്ഫിഖു റഹീം (18) മഹ്മൂദുല്ല (14), അഫിഫ് ഹുസൈൻ (ആറ്), ഇബാദത്ത് ഹുസൈൻ (പൂജ്യം), ഹസൻ മഹ്മൂദ് (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് സെൻ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റ് നേടി.
ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ പ്രതീക്ഷ കാത്ത ബൗളർമാർ സന്ദർശകരെ 41.2 ഓവറിൽ 186 റൺസിന് എറിഞ്ഞിട്ടു. 10 ഓവറിൽ 36 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അൽ ഹസനും 8.2 ഓവറിൽ 47 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഇബാദത്ത് ഹുസൈനുമാണ് ഇന്ത്യൻ ബാറ്റർമാരെ എറിഞ്ഞുവീഴ്ത്തിയത്.
70 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 73 റൺസെടുത്ത കെ.എൽ. രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ (27), ശ്രേയസ് അയ്യർ (24), വാഷിങ്ടൺ സുന്ദർ (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
സ്കോർ 23ൽ നിൽക്കെ ഏഴ് റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മെഹ്ദി ഹസന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു. നാല് ബൗണ്ടറിയും ഒരു സിക്സറും പറത്തിയ ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്കെന്ന് തോന്നിച്ചെങ്കിലും 11ാം ഓവറിൽ ഷാക്കിബ് അൽ ഹസന്‍റെ പന്തിൽ ബൗൾഡായി. അടുത്തത് ട്വന്റി 20 ലോകകപ്പിൽ മിന്നിത്തിളങ്ങിയ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഊഴമായിരുന്നു. പ്രതീക്ഷയോടെ എത്തിയ അദ്ദേഹം 15 പന്തിൽ ഒമ്പത് റൺസെടുത്ത് മടങ്ങി. ശ്രേയസ് അയ്യരും വാഷിങ്ടൺ സുന്ദറും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മടങ്ങിയതോടെ പവലിയനിലേക്ക് ഘോഷയാത്രയായിരുന്നു.
33ാം ഓവറിൽ 152ന് നാല് എന്ന നിലയിൽ നിന്ന് 35ാം ഓവറിൽ 156ന് എട്ട് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. വാലറ്റക്കാർക്കും കാര്യമായൊന്നും ചെയ്യാനായില്ല. രാഹുൽ ഒരുവശത്ത് പൊരുതിനിന്നെങ്കിലും 40ാം ഓവറിൽ ഒമ്പതാമനായി പുറത്തായി.