ദില്ലി : രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഒടുവിൽ പുറത്ത് വന്ന കണക്കുകളനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 317 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.491 മരണം റിപ്പോർട്ട് ചെയ്‌തു. ടി പി ആറിൽ വർധന 16.41%. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമായത്. രാജ്യത്ത് 9287 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. മുംബൈയിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി.
പന്ത്രണ്ടായിരത്തിൽ അധികം പേർക്കാണ് ഇന്നലെ പുണെയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന ജില്ലയായി പുണെ മാറി. മുംബൈയിൽ പൊലീസിലെ 12 ഉദ്യോഗസ്ഥർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അതേ സമയം ഗുജറാത്ത്, അസം, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്. ഡൽഹിയിലെ കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായി.