നോയിഡ: ബ്രിട്ടനിൽ നിന്ന് മകളുടെ വിവാഹത്തിന് നോയിഡയിലെത്തിയ എൻആർഐ ഇന്ത്യക്കാരൻ ഒരുകോടിയിലധികം വിലവരുന്ന സ്വർണാഭരണങ്ങൾ ഊബർ കാറിൽ മറന്നുവെച്ചു. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നാല് മണിക്കൂറിനുള്ളിൽ ആഭരണം കണ്ടെടുത്ത് തിരിച്ചേൽപ്പിച്ചു. ഗാസിയാബാദിൽ നിന്നാണ് ഇയാൾ ആഭരണം മറന്നുവെച്ച ഊബർ കാർ കണ്ടെത്തിയത്. ബാഗിൽ സ്വർണവും മറ്റുവസ്തുക്കളും കണ്ടെടുത്തു.
നിഖിലേഷ് കുമാർ സിൻഹ എന്നയാളാണ് സ്വർണമടങ്ങിയ ബാഗ് മറന്നുവെച്ചത്. ഇയാൾ കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം. കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തിനായി ഗ്രേറ്റർ നോയിഡയിൽ എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഗൗർ സിറ്റി ഏരിയയിലെ സരോവർ പോർട്ടിക്കോ ഹോട്ടലിൽ എത്തിയപ്പോഴാണ് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗുകളിലൊന്ന് നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് എത്തിയ ക്യാബിൽ മറന്നുവെച്ചതാണെന്ന് മനസ്സിലാക്കി. ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെട്ടു. വൈകിട്ട് 4 മണിയോടെ കുടുംബം പോലീസ് സ്റ്റേഷനിൽ എത്തി പരാതി അറിയിച്ചു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. ഊബർ ഡ്രൈവറുടെ നമ്പർ നിഖിലേഷിന്റെ പക്കലുണ്ടായിരുന്നു. ഗുഡ്ഗാവിലെ ഊബറിന്റെ ഓഫീസിൽ നിന്ന് കാറിന്റെ ലൊക്കേഷൻ ഗാസിയാബാദാണെന്ന് കണ്ടെത്തി.
നാല് മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷം ഡ്രൈവറെ ഗാസിയാബാദിലെ ലാൽ കുവാൻ ഏരിയയിൽ നിന്ന് കണ്ടെത്തി. തിരച്ചിലിൽ വാഹനത്തിൽ നിന്ന് ബാഗ് കണ്ടെത്തി. കാറിൽ ബാഗ് ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. ലോക്ക് ചെയ്ത ബാഗ് രാതിക്കാരന്റെയും ബന്ധുക്കളുടെയും ഡ്രൈവറുടെയും മുമ്പിൽ തുറന്നു. ഒരു കോടി രൂപ വിലമതിക്കുന്ന എല്ലാ ആഭരണങ്ങളും ബാഗിൽ സുരക്ഷിതമായി ഉണ്ടെന്ന് ഉടമ പൊലീസിനെ അറിയിച്ചു. തുടർന്ന് ബാഗ് പൊലീസ് കൈമാറി. പൊലീസിന് നന്ദി പറഞ്ഞാണ് ബാഗുടമയും കുടുംബവും മടങ്ങിയത്.