ദില്ലി: ഭൂട്ടാനിലെ ചരിത്രപ്രാധാന്യമുള്ളതും രാജകുടുംബത്തിന്റെ അധീനതയിലുള്ളതുമായ പ്രദേശങ്ങളിലും ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്തും ചൈന കൈയേറി ടൗൺഷിപ്പ് നിർമിക്കുന്നതായി റിപ്പോർട്ട്. ഒരുമാസത്തിൽ കുറഞ്ഞ സമയത്തെ ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. വടക്കുകിഴക്കൻ ഭൂട്ടാനിലാണ് ചൈനയുടെ കടന്നുകയറ്റം. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങളെന്നതും ശ്രദ്ധേയം. 2020 തുടക്കം മുതൽ ചൈനയുടെ നിർമാണ ആരംഭിച്ചിരുന്നെന്നും ഇപ്പോൾ വേഗത്തിലാക്കിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന മലനിരകളിലും ചൈന കൈയേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ചെറിയ രാജ്യമായ ഭൂട്ടാന് വൻശക്തികയായ ചൈനയുടെ അനധികൃത കടന്നുകയറ്റത്തെ പ്രതിരോധിക്കാനാകുന്നില്ല. അയൽരാജ്യമായ ഇന്ത്യയും ചൈനയുടെയും ഭൂട്ടാന്റെയും നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
ചൈനയുടെ അധിനിവേശം ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഭൂട്ടാന്റെ പ്രദേശമായി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട പ്രദേശത്ത് റോഡ് നീട്ടി നിർമിക്കുന്നതിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞിരുന്നു. തുടർന്ന് 2017ൽ സിക്കിമിനോട് ചേർന്നുള്ള ദോക്‌ലാം പീഠഭൂമിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടി.
എന്നാൽ, അതിർത്തിയോട് ചേർന്ന് കിടക്കുന്ന അമു ചു നദീതടത്തിൽ ചൈന മൂന്നു ഗ്രാമങ്ങൾ നിർമിക്കാൻ തുടങ്ങി. ഇന്ത്യയുടെ ഭാഗമായ സിലിഗുരിയിലേക്ക് സാന്നിധ്യം നീട്ടുന്നതിനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണ് ഭൂട്ടാനിൽ ചൈനയുടെ അധിനിവേശമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ചൈനയുടെ അധിനിവേശത്തെ ഇന്ത്യ വീക്ഷിക്കുന്നത്.