ബെംഗളൂരു∙ ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ബെംഗളൂരു കേംബ്രിജ് ലേഔട്ടിലാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പോസ്റ്റ് ഓഫിസ് നിർമിച്ചത്. ഐഐടി മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ ലാർസൻ ആൻഡ് ടൗബ്രോ ലിമിറ്റഡാണ് നിർമാണം നിർവഹിച്ചത്.3 ഡി പ്രിന്റഡ് കോൺക്രീറ്റ് കെട്ടിടം പുതിയ ചുവടുവയ്പ്പാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയുടെ പ്രകടനമാണ് പോസ്റ്റ് ഓഫിസ്. വിസ്മയിപ്പിക്കുന്ന പ്രവർത്തിയാണ് മദ്രാസ് ഐഐടി ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ മുഖ്യധാരയുടെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് പോസ്റ്റ് ഓഫിസിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയുടെയും സ്വയം പര്യാപ്തതയുടെയും തെളിവാണ് പുതിയ പോസ്റ്റ് ഓഫിസ് കെട്ടിടം. പോസ്റ്റ് ഓഫിസ് നിർമാണം പൂർത്തിയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.