ദില്ലി : വനിതാ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റൺസെടുത്തു. 71 റൺസെടുത്ത സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ മിതാലി രാജ് (68), ഷഫാലി വർമ (53) എന്നിവരും തിളങ്ങി. 3 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിൽ ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ കാലിടറുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ഷബ്നിം ഇസ്മയിലും മസബട ക്ലാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണർമാർ ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ ഓപ്പണർമാർ ചേർന്ന് 91 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഏറെക്കാലത്തിനു ശേഷം പരിമിത ഓവറുകളിൽ ഫിഫ്റ്റിയടിച്ച ഷഫാലി (53) റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. യസ്തിക ഭാട്ടിയ (2) വേഗം മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ സ്മൃതി-മിതാലി കൂട്ടുകെട്ടും നന്നായി ബാറ്റ് വീശി. 80 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ മന്ദന മടങ്ങി. പിന്നീട് ക്രീസിലെത്തിയ ഹർമനും മികച്ച രീതിയിൽ ബാറ്റ് വീശി. 43ആം ഓവറിൽ മിതാലി പുറത്തായതോടെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു. പൂജ വസ്ട്രാക്കർ (3), റിച്ച ഘോഷ് (8) എന്നിവർ വേഗം മടങ്ങിയപ്പോൾ പിടിച്ചുനിന്ന ഹർമൻപ്രീതും (48) താമസിയാതെ പുറത്തായി. സ്നേഹ് റാണ (1), ദീപ്തി ശർമ്മ (2) എന്നിവർ പുറത്താവാതെ നിന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചതോടെ ഇന്ത്യക്ക് ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ അവസാന നാലിൽ എത്താനാവൂ. ഇന്ന് ഇന്ത്യ പരാജയപ്പെട്ടാൽ വെസ്റ്റ് ഇൻഡീസ് സെമി കളിക്കും.